Tuesday 20 April 2021

എന്നാണ് മഹാഭാരതം രചിക്കപ്പെട്ടത്

അയ്യായിരം വർഷം മുമ്പ് മാനവ സംസ്കാരം ആരംഭിച്ചു എന്ന ഒരു തെറ്റിദ്ധാരണ ഭാരതീയരുടെ മനസ്സിൽ മാത്രമുള്ളതാണ്. അത് ബ്രിട്ടീഷ് ചരിത്രകാരന്മാർ പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചത്  കൊണ്ട് നമ്മുടെ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു.

ഗ്രഹങ്ങളുടെ ആകാശത്തിലെ വിന്യാസം ചാക്രികമായി ആവർത്തിക്കപ്പെടുന്നതാണ്.

18 വർഷവും 11 ദിവസവും 8 മണിക്കൂറും (6,585.3 ദിവസങ്ങൾ) ദൈർഘ്യമുള്ള കാലയളവാണ് സരോസ് ചക്രം.  ഈ കാലയളവിൽ ഉണ്ടാകുന്ന   ഗ്രഹണങ്ങൾ, അതേ ക്രമത്തിൽ, അടുത്ത സാരോസിലും ആവർത്തിയ്ക്കപ്പെടും. 1995 ഒക്ടോബർ 24ന് സംഭവിച്ച പൂർണ സൂര്യഗ്രഹണം 2013 നവമ്പർ 3ന് ആവർത്തിക്കും എന്നർഥം. url : https://en.wikipedia.org/wiki/Saros_(astronomy)

235 ചാന്ദ്രമാസങ്ങളും, 254 നക്ഷത്ര മാസങ്ങളും ഒരേ സമയം തീരുന്ന കാലയളവാണ് 19 വർഷത്തെ (6940 ദിവസങ്ങൾ) മെറ്റോണിക് ചക്രം. പൗർണമിയും അമാവാസിയും ഇക്കാലത്തിനുള്ളിൽ ഒരു ചക്രം പൂർത്തിയാക്കുകയും അതേപടി പിന്നീട് ആവർത്തിക്കപ്പെടുകയും ചെയ്യും. അത് കൊണ്ടാണ് പത്തൊമ്പതാം ജന്മദിനവും പിറന്നാളും ഒരേ ദിവസം ആകുന്നത്. പിറന്നാള്‍ എന്നത് മലയാളം കലണ്ടറനുസരിച്ചു്, ജനിച്ച മലയാളമാസത്തിലെ ജന്മനക്ഷത്രം വരുന്ന ദിവസമാണ്. url : https://en.wikipedia.org/wiki/Metonic_cycle

സംവത്സരം, പരിവത്സരം, ഇഡാവത്സരം, അനുവത്സരം, ഇദ് വത്സരം ഇങ്ങനെയാണ് പഞ്ചവത്സര ചക്രം. ചക്രത്തിന്റെ ആരംഭത്തിൽ സൂര്യനും ചന്ദ്രനും അവിട്ടം നക്ഷത്രത്തിന്റെ ആരംഭ ബിന്ദുവിൽ ആയിരിക്കും. ഈ ചക്രത്തിനിടയിൽ സൂര്യൻ രാശിചക്രത്തെ 5 പ്രാവശ്യവും ചന്ദ്രൻ ഭൂമിയെ 67 തവണയും ചുറ്റുന്നു. ഇതിൽ 1830 വ്യവഹാര ദിനങ്ങളും 1835 നാക്ഷത്ര ദിനങ്ങളും 1800 സൗര ദിനങ്ങളും 1860 ചാന്ദ്രദിനം അഥവാ തിഥികളും ഉണ്ട്.

അഷ്ടഗ്രഹയോഗമാണ് രണ്ട് മഹായുഗങ്ങൾ അഥവാ ചതുർയുഗങ്ങൾ തമ്മിൽ വേർ തിരിക്കുന്നത്

കലി-ദ്വാപര യുഗങ്ങളെ വേർതിരിക്കുന്ന ഗ്രഹവിന്യാസത്തെ കുറിച്ച് പുരാണങ്ങളിൽ പറഞ്ഞിട്ടില്ല. മഹാഭാരതത്തിൽ കാണുന്ന സൂചനകൾ ഒരു കലിയുഗത്തിൽ തന്നെ അനേകം പ്രാവശ്യം ആവർത്തിക്കപ്പെടുന്നതാണ്. അത് കൊണ്ട് അയ്യായിരം വർഷം മുമ്പ് കലിയുഗം ആരംഭിച്ചു എന്ന കണ്ടെത്തൽ തെറ്റാണ്.

ആര്യഭടീയത്തിലെ ഈ രണ്ട് ശ്ലോകങ്ങൾ കൂടുതൽ അറിവ് നൽകുന്നവയാണ്

ഗീതികാപാദം ( 1-3 ) - ഒരു ചതുർയുഗത്തിലെ ഗ്രഹങ്ങളുടെ കിഴക്കോട്ടുള്ള ഭ്രമണ സംഖ്യ ഇപ്രകാരമാകുന്നു. സൂര്യൻ - 4320, 000  ചന്ദ്രൻ - 5, 77, 53, 336  ഭൂമി – 1, 58, 22, 37, 500  ശനി – 1, 46, 564  ഗുരു – 3, 64, 224  കുജൻ - 2296824 ബുധനും ശുക്രനും സൂര്യന് തുല്യം.

കാലക്രിയാപാദം ( 3-3 ) - ഒരു ചതുർയുഗത്തിൽ, രണ്ട് ഗ്രഹങ്ങളുടെ ഭ്രമണ സംഖ്യയിലുള്ള വ്യത്യാസമാണ് (ഭഗണങ്ങളുടെ അന്തരം) അവയ്ക്ക് ഉണ്ടാകുന്ന യോഗങ്ങളുടെ എണ്ണം ആണ്.

ഒരു ചതുർയുഗത്തിലെ അമാവാസികളുടെ എണ്ണം  - 57753336-4320000 = 53433336

ഗുരു, ശനി ഗ്രഹ യോഗങ്ങളുടെ എണ്ണം - 364224-146564 = 217660

ഗുരു, കുജൻ ഗ്രഹ യോഗങ്ങളുടെ എണ്ണം - 2296824-364224 = 1932600

ശനി, കുജൻ ഗ്രഹ യോഗങ്ങളുടെ എണ്ണം - 2296824-146564 = 2150260

ദ്വന്ദങ്ങളായ കാലചക്രം

കാലവും ആകാശവും അനാദിയും അനന്തവുമാണ്. രണ്ട് സംഭവങ്ങൾക്ക് മദ്ധ്യേയുള്ള ഇടവേളയെ സമയത്തിന്റെ അളവുകോലായി എടുക്കുന്നു. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളായ സൂര്യോദയം, അസ്തമയം, അമാവാസി, പൗർണ്ണമി എന്നിവയെല്ലാം ശാശ്വതമായി നടക്കുന്ന സംഭവങ്ങളാണ്. അത് ലോകത്തിലെ എല്ലാ ജനങ്ങൾക്കും ഒരേ പോലെ ആയിരിക്കും. അത് കൊണ്ടാണ് അവയെ ഭാരതീയ കാലഗണയ്ക്ക് ഉപയോഗിക്കുന്നത്.

ആര്യഭടീയം ഗോളപാദം ( 4-17 ) - പകുതി വർഷത്തോളം കാലം ( ഉത്തരധ്രുവത്തിൽ ) ഉദിക്കുന്ന സൂര്യനെ ദേവന്മാർ കാണുന്നു. അപ്രകാരം തന്നെ (മറ്റേ പകുതി വർഷം ) പ്രേതങ്ങളും സൂര്യനെ കാണുന്നു. ചന്ദ്രനിൽ വസിക്കുന്ന പിതൃക്കളാകട്ടെ പകുതി ചന്ദ്രമാസം ( ഒരു പക്ഷം ) സൂര്യനെ കാണുന്നു. മനുഷ്യൻ എല്ലാ ഭൂദിനത്തിന്റെ പകുതിയും സൂര്യനെ കാണുന്നു. 

മേടം മുതൽ ആറ് മാസക്കാലം, സൂര്യൻ വിഷുവത്തിൽ നിന്ന് വടക്ക് നിൽക്കുമ്പോൾ ദേവന്മാർക്ക് പകലും അസുരന്മാർക്ക് രാത്രിയും ആണ്. സൂര്യൻ വിഷുവത്തിൽ നിന്ന് തെക്ക് നിൽക്കുമ്പോൾ ദേവന്മാർക്ക് രാത്രിയും അസുരന്മാർക്ക് പകലും ആണ്. ഭൂമിയിലെ ഒരു വർഷം ദേവന്മാർക്കും അസുരന്മാർക്കും ഒരു ദിവസം മാത്രമാണ്.

ചന്ദ്രമണ്ഡലത്തിന്റെ അദൃശ്യഭാഗത്ത് പിതൃക്കൾ വസിക്കുന്നു. അമാവാസി ദിവസം പിതൃക്കൾക്ക് മദ്ധ്യാഹ്നവും പൗർണ്ണമി അർദ്ധരാത്രിയും ആയിരിക്കും. 

മനുഷ്യരുടെ ഒരു വർഷം ദേവന്മാർക്കും അസുരന്മാർക്കും ഒരു അഹോരാത്രമാണ്. രണ്ട് അമാവാസികൾക്കിടയിലുള്ള സമയം ( രണ്ട് പക്ഷം ) ആണ് പിതൃക്കൾക്ക് ഒരു അഹോരാത്രം. പിതൃക്കളുടെ ഒരു മാസം എന്നത് മനുഷ്യർക്ക് 30 മാസം ആണ്. ദേവലോകത്തിലെ ഒരു മാസം എന്നത് ഭൂമിയിലെ 30 വർഷം ആണ്. ഇത്രയും തന്നെ സമയം ആണ് പിതൃക്കളുടെ ഒരു വർഷം. മനുഷ്യരുടെ 30 വർഷം പിതൃക്കൾക്ക് ഒരു വർഷം മാത്രം. 360 മനുഷ്യ വർഷം ആണ് ഒരു ദിവ്യവർഷം. 

ദിവ്യപ്രമാണം കൊണ്ടാണ് യുഗസംഖ്യ  കണക്കാക്കുന്നത്. നാലായിരം ദിവ്യവർഷമാണ് കൃതയുഗം. നാനൂറ് വർഷം യുഗ സന്ധ്യയും അത്രയും തന്നെ സന്ധ്യാംശവും ഉണ്ട്. ത്രേതായുഗം മൂവായിരം വർഷവും ദ്വാപരം രണ്ടായിരം വർഷവുമാണ്. മുന്നൂറും ഇരുനൂറും വീതം യുഗസന്ധ്യയും അത്രയും സന്ധ്യാംശവും. ആയിരം വർഷമാണ് കലി. നൂറ് വർഷം യുഗസന്ധ്യയും അത്രയും തന്നെ സന്ധ്യാംശവും. അങ്ങനെ ഒരു ചതുർ യുഗത്തിൽ പന്തീരായിരം വർഷങ്ങൾ ഉണ്ട്.  എഴുപത്തിയൊന്ന് ചതുർയുഗങ്ങളാണ് ഒരു മന്വന്തരം.

ആയിരം ചതുർയുഗമാണ് ഒരു കല്പം. രണ്ട് കല്പങ്ങളെ തമ്മിൽ തിരിക്കുന്ന ഒരു ദശ ഉണ്ട്. ഓരോ കല്പത്തിന്റെ അവസാനത്തിലുള്ള സമയമാണ് പ്രതിസന്ധി. ഒരു കല്പം ആണ് ബ്രഹ്‌മാവിന്റെ പകൽ. അത്രയും തന്നെ സമയം ആണ് രാത്രി. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ കൂടി ചേർന്നതാണ് മന്വന്തരം. 

1 പിതൃവർഷം =30  മനുഷ്യവർഷം

1 ദിവ്യവർഷം = 12 പിതൃവർഷം

ഒരു കല്പം അഥവാ ബ്രഹ്‌മാവിന്റെ ഒരു പകൽ / രാത്രി = 120 ലക്ഷം ദിവ്യവർഷങ്ങൾ

ഭൂമിയുടെ ഒരേ വശത്ത്, ഒരേ രാശിയിൽ, എട്ട് ഗ്രഹങ്ങൾ ഒന്നിച്ചു നിൽക്കുന്ന കാലത്തെയാണ് അഷ്ടഗ്രഹയോഗം എന്ന് പറയുന്നത്. ലോകത്തിൽ വളരെ നാശമുണ്ടാക്കുന്ന കാലമാണിതെന്ന് വിശ്വസിക്കുന്നു.

കൽപ്പത്തിന്റെ ആദിയിൽ എല്ലാ ഗ്രഹങ്ങളും അവയുടെ പാദങ്ങളിൽ ഓരോന്നും ഒത്തൊരുമിച്ച് ഒരേ സ്ഥാനത്ത് നിന്നും പരിക്രമണം ആരംഭിക്കുന്നു. രാശി ചക്രത്തിന്റെ ആരംഭമായി കണക്കാക്കുന്ന മേഷാദി (അശ്വതി നക്ഷത്രം) സ്ഥാനത്താണ് ഇവയുടെ സംഗമം. ഈ സ്ഥാനത്ത് നിന്നാരംഭിച്ച് വിഭിന്ന വേഗങ്ങളോടെ സഞ്ചരിച്ച് പൂർണ്ണ സംഖ്യാ പരിക്രമണങ്ങൾ പൂർത്തിയാക്കി ഇവയെല്ലാം കൽപാന്ത്യത്തിൽ വീണ്ടും മേഷാദിയിൽ ഒത്തു ചേരുന്നു. ഓരോ ചതുർ യുഗത്തിലും ഗ്രഹങ്ങളെല്ലാം പൂർണ്ണസംഖ്യാ പരിക്രമണം പൂർത്തിയാക്കി ഒത്തു ചേരുന്നുണ്ട് എങ്കിലും ഓരോ മഹായുഗത്തിലും പാതങ്ങൾ തുടങ്ങിയ ഗ്രഹ ബിന്ദുക്കൾ പൂർണ്ണ സംഖ്യാ പരിക്രമണം പൂർത്തിയാക്കിയല്ല ഒത്തു ചേരുന്നത്.

എന്നാണ് മഹാഭാരതം രചിക്കപ്പെട്ടത്

വേദങ്ങളും, പുരാണങ്ങളും, ഇതിഹാസങ്ങളും അപൗരുഷേയമാണ്. എന്ന് പറഞ്ഞാൽ അവയെല്ലാം ഭൂമിയിലെ ജനങ്ങളാൽ രചിക്കപ്പെട്ടവയല്ല. അവ താളിയോലകളിൽ എഴുതിയെടുത്തത് മനുഷ്യർ ആണെങ്കിലും അവയുടെ മൂലം എപ്പോഴും  ബ്രഹ്മലോകത്താണ് ഉള്ളത്. ദേവലോകത്ത് നാരദനും ഭൂമിയിൽ വ്യാസ ശിഷ്യനായ വൈശമ്പായനനും ആണ് മഹാഭാരതം പറയുന്നത്.

ബ്രഹ്മലോകത്തിൽ 60 ലക്ഷം, ദേവലോകത്തിൽ 30 ലക്ഷം, പിതൃലോകത്തിൽ 15 ലക്ഷം, ഗന്ധർവ്വ യക്ഷ ലോകത്തിൽ 14 ലക്ഷം, മനുഷ്യ ലോകത്തിൽ 1 ലക്ഷം എന്നിങ്ങനെയാണ് മഹാഭാരതത്തിലെ ശ്ലോക സംഖ്യ. ആദിപർവ്വത്തിലെ ആദ്യ അദ്ധ്യായമായ അനുക്രമണികാപൎവ്വം 104 മുതൽ 107 വരെയുള്ള ശ്ലോകങ്ങളിൽ ഇത് വ്യക്തമാക്കുന്നുണ്ട്. 

കൃതിച്ചു സംഹിതയറുപതു ലക്ഷത്തിൽ വേറെയും
മുഖ്യം മുപ്പതു ലക്ഷംതാൻ സ്വർഗ്ഗലോകത്തു വെച്ചുതേ
(104)

പതിനഞ്ചു പിതൃക്കൾക്കു ഗന്ധർവർക്കു ചതുർദ്ദശ
ഒരുലക്ഷം മാത്രമത്രേ നരലോകത്തിലുള്ളതും
(105)

നാരദൻ ദേവകൾക്കോതീ പിതൃക്കൾക്കങ്ങു ദേവലൻ
ഗന്ധർവയക്ഷരക്ഷോവർഗ്ഗാന്തരേ ചൊല്ലിനാൻ ശൂകൻ
(106)

ഓതീ മനുഷ്യലോകത്തിൽ വേദവേദാംഗപാരഗൻ
വ്യാസശിഷ്യൻ ധർമ്മശീലൻ വൈശാമ്പായനമാമുനി
(107)

സ്വർഗ്ഗാരോഹണപർവ്വം അഞ്ചാമദ്ധ്യായം 54, 55 ശ്ലോകങ്ങളിലും ഇത് തന്നെ ആവർത്തിച്ചു പറയുന്നുണ്ട്. 

ശ്രീ നാരദപുരാണം അദ്ധ്യായം 92-ൽ, 22 മുതൽ 25 വരെയുള്ള ശ്ലോകങ്ങളിൽ, 18 പുരാണങ്ങളെ കുറിച്ചുള്ള സംഗ്രഹം ഉണ്ട്. 

സനത്കുമാരൻ നാരദനോട് പറയുന്നു - "എല്ലാ കൽപ്പങ്ങളിലും പുരാണങ്ങൾ ഒന്ന് തന്നെയായിരുന്നു. ദേവലോകത്ത് ഇന്നും, എപ്പോഴും, നൂറ് കോടി വിസ്തൃതിയിൽ പുരാണങ്ങളുണ്ട്. ഓരോ ദ്വാപര യുഗത്തിലും ഭഗവാൻ മഹാവിഷ്ണു വ്യാസനായി അവതരിച്ചു അത് നാല് ലക്ഷമാക്കി ചുരുക്കി, വീണ്ടും പതിനെട്ടായി തിരിച്ചു ഭൂലോകത്തിനായി സമർപ്പിച്ചു. പല കൽപ്പങ്ങളിൽ നടന്നിട്ടുള്ള അത്ഭുതകരമായ സംഭവങ്ങൾ വിശദമായി കഥകളും ഉപകഥകളുമായി അതിൽ കാണാം".

ചതുർയുഗവർണ്ണനം 

യുഗങ്ങളും മന്വന്തരങ്ങളും കല്പങ്ങളും പുനരാവർത്തിച്ചു കൊണ്ടേയിരിക്കുന്ന ചക്രമാണ്. ഒരു യുഗത്തിൽ നിന്നും മറ്റൊരു യുഗത്തിലേക്കും ഒരു മന്വന്തരത്തിൽ നിന്ന് അടുത്തതിലേക്കുമുള്ള പരിവർത്തനത്തെപ്പറ്റി പുരാണങ്ങളിൽ വിശദമാക്കിയിട്ടുണ്ട്. ബ്രഹ്‌മാണ്ഡപുരാണത്തിലെ ചതുർയുഗവർണ്ണനം (1.31) എന്ന അദ്ധ്യായത്തിൽ നിന്ന്.

കലിയുഗത്തിലെ ജനങ്ങൾ വിശപ്പ് കൊണ്ടും വാർദ്ധക്യകാല രോഗങ്ങളാലും വിഷമിച്ച്, ഈ അവസ്ഥയിൽ എത്തിപ്പെട്ടതിനെ പരിചിന്തനം ചെയ്യാൻ തുടങ്ങി. അതവരെ ഒരു സമചിത്തതയിലൂടെ നിശ്ചയ ദാർഢ്യത്തിലെത്തിച്ചു. അതിലൂടെ അവർ ആത്മാവിനെ അറിഞ്ഞു. ആത്മജ്ഞാനത്തിലൂടെ  പവിത്രമായ ഭക്തി കൈവരിച്ചു. അങ്ങനെ കലിയുഗാവസാനം കടന്ന് കിട്ടിയവർക്ക് മനഃശാന്തിയും ഇന്ദ്രിയനിഗ്രഹവും സാദ്ധ്യമായി.  യുഗാവസാനം കടന്നപ്പോൾ അവർ നിശ്ചലമായ അവസ്ഥയിലെത്തി. ഉറക്കത്തിൽ നിന്നുണർന്ന പോലെ അല്ലെങ്കിൽ മദ്യലഹരിയിൽ മുഴുകിക്കിടന്ന് മനസ്സ് നിശ്ചലമാക്കി എഴുന്നേറ്റ പോലെ. അനിയന്ത്രിതമായ ശക്തിയാൽ കൃതായുഗം പിറന്നു. പാവനമായ കൃതയുഗം ആരംഭിക്കുമ്പോൾ അതിലെ പ്രജകൾ കലിയുഗത്തിൽ ശേഷിച്ച സന്തതികളായിരുന്നു. അവർ വരും തലമുറയുടെ കേന്ദ്ര ബിന്ദുവായി നില നിന്നു. 

കാട്ടുപുൽച്ചെടികൾ കാട്ടുതീയിൽ നശിച്ചാലും അവയുടെ വേരുകൾ വാടാതെ നിന്നു. ഈ വേരുകളിൽ നിന്നും പുതിയ തളിരുകൾ നാമ്പെടുക്കുന്നത് പോലെ കലിയുഗത്തിലുണ്ടായിരുന്ന ആളുകളിൽ നിന്ന് കൃതയുഗത്തിലെ ആളുകൾ ജനിച്ചു വളർന്നു. 

ഏഴ് ആദിമുനിമാർ അവരെയും മറ്റുള്ളവരെയും ധർമ്മം പഠിപ്പിച്ചു. അങ്ങനെ കൃതയുഗത്തിലെ ആളുകൾ, വേദത്തിൽ വ്യവസ്ഥ ചെയ്ത ശ്രൌത മാർഗ്ഗത്തിലും സ്മൃതിയിൽ വ്യവസ്ഥ ചെയ്ത സ്മാർത്ത മാർഗ്ഗത്തിലും ഉള്ള പരിപാവനമായ ആചാരാനുഷ്ഠാനങ്ങൾ കൈമുതലാക്കി ജീവിച്ചു.

ഇങ്ങനെ ഒരു മന്വന്തരം അവസാനിക്കുന്നത് വരെ ഒരു യുഗത്തിൽ നിന്ന് മറ്റൊരു യുഗത്തിലേക്കുള്ള മാറ്റം അനുസ്യൂതമായി ഒഴുകിക്കൊണ്ടേയിരുന്നു. ഇത് തന്നെയാണ് എല്ലാ യുഗങ്ങളുടെയും പ്രത്യേക സ്വഭാവമായി ഓർമ്മിക്കപ്പെടുന്നത്. ഈ നാല് യുഗങ്ങളടങ്ങിയ കാലത്തിന്റെ എഴുപത്തിയൊന്നിരട്ടിയാണ് ഒരു മന്വന്തരം. 

ഒരു മന്വന്തരത്തിൽ  ഒരു  ചതുർയുഗത്തിലെ നാല് യുഗങ്ങളിൽ സംഭവിക്കുന്നതെന്തോ അത് അടുത്ത ചതുർയുഗത്തിലെ നാല് യുഗങ്ങളിലും അതേ രീതിയിൽ അതേ ക്രമത്തിൽ സംഭവിക്കുന്നതാണ്. അതേ പോലെ കല്പങ്ങളിലും യുഗങ്ങളിലെ അതേ സ്വഭാവം ദൃശ്യമാണ്. ഒരു മന്വന്തരത്തെ പറ്റി പറഞ്ഞാൽ എല്ലാ മന്വന്തരങ്ങളുടെയും വിവരണമായി. ഒരു കല്പത്തിന്റെ വിവരണങ്ങളിൽ മറ്റ് കല്പങ്ങളുടെ സ്വഭാവങ്ങളും അടങ്ങിയിരിക്കുന്നു.

ജ്ഞാനമായിരുന്നു കൃതയുഗത്തിൽ ഏറ്റവും വലുതായിട്ടുള്ളത്. ത്രേതായുഗത്തിൽ യാഗമായിരുന്നു പ്രധാനം. ദ്വാപര യുഗത്തിൽ യുദ്ധമാരംഭിച്ചു. കലിയുഗത്തിൽ എല്ലാം രഹസ്യമായിരുന്നു. കൃതയുഗം സത്വ ഗുണ യുക്തവും ത്രേതായുഗം രജോഗുണത്തോട് കൂടിയതും ദ്വാപര യുഗം രജസ് തമോ  ഗുണങ്ങൾ ഒരുമിച്ചതും കലിയുഗം തമോഗുണയുക്തവുമായിരുന്നു.

പൂർവ്വ മന്വന്തരങ്ങളിലെ നിയമാവലി സ്മരിച്ചുകൊണ്ടാണ് മനു അദ്ദേഹത്തിൻറെ സ്മൃതി വിശദീകരിച്ചത്.

മായയെ ഉണ്ടാക്കുന്നത് കാലമാണ്. കാലത്തെ പുറകോട്ട് കൊണ്ട് പോകാൻ സാധിക്കില്ല. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ജീവന്  കാലത്തിന്റെ  ശക്തി അറിയാൻ സാധിക്കില്ല. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അതിന്റെ സ്പീഡ് അറിയാൻ പറ്റാത്തത് പോലെ കൃത (സത്യ) യുഗത്തിലെ ആളുകൾക്ക് സത്യത്തിന്റെ വില അറിയാൻ സാധിക്കില്ല. 

കലിയുഗത്തിൽ മാത്രമേ സത്യത്തിന്റെ വില മനസ്സിലാക്കാൻ സാധിക്കൂ. പൂന്താനം  ജ്ഞാനപ്പാനയിൽ പാടിയിരിക്കുന്നത് നോക്കുക  - യുഗം നാലിലും നല്ലൂ കലിയുഗം. സുഖമേതന്നെ മുക്തിവരുത്തുവാൻ

No comments:

Post a Comment